മലബാർ കാൻസർ സെന്ററിൽ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ട് അപൂർവ ശസ്ത്രക്രിയ വിജയം
- byOnline Desk
- 18 February, 2024
തലശ്ശേരി മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ ചികിത്സാ രീതിയാണിത്. യുവിയൽ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്ത പ്ളാക്കുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ തദ്ദേശീയമായി നിർമ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും അഭിനന്ദിച്ചു.
കേരളത്തിൽ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ. ഡൽഹി എയിംസ്, ന്യൂഡൽഹി ആർമി ഹോസ്പിറ്റൽ, ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളേജ് എന്നിവ കഴിഞ്ഞാൽ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രിയായി ഇതോടെ എം.സി.സി. മാറി. എം.സി.സി.യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. എം.സി.സി.യിലെ ഒക്യുലാർ ഓങ്കോളജി വിഭാഗവും റേഡിയേഷൻ ഓങ്കോളജി വിഭാഗവും ചേർന്നാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
കണ്ണിലെ കാൻസർ ചികിത്സയ്ക്കായി ചെയ്യുന്ന അത്യാധുനിക റേഡിയേഷൻ തെറാപ്പിയാണ് പ്ലാക് ബ്രാക്കിതെറാപ്പി. കണ്ണുകൾ നീക്കം ചെയ്യാതെ സംരക്ഷിക്കാനും കാഴ്ച നഷ്ടമാകാതെ നിലനിർത്താനും ഈ ചികിത്സയിലൂടെ കഴിയും. കണ്ണിന്റെ ഉപരിതലത്തിലെ മുഴകൾ, യൂവിയൽ മെലനോമ, റെറ്റിനോബ്ലാസ്റ്റോമ, കണ്ണിനുള്ളിലെ ട്യൂമറുകൾ എന്നിവ ചികിത്സിക്കാൻ പ്ലാക്ക് ബ്രാക്കിതെറാപ്പി ഏറെ ഫലപ്രദമാണ്. റേഡിയോ ആക്ടീവ് ഐസോടോപ്പ് അടങ്ങിയ ഒരു പ്ളാക് ശസ്ത്രക്രിയയിലൂടെ കണ്ണിലെ ട്യൂമറിന് മുകളിൽ നിക്ഷേപിക്കുകയും നിശ്ചിത സമയത്തേക്ക് അവിടെ വയ്ക്കുകയും ചെയ്യുന്നു. റേഡിയേഷൻ ചികിത്സയുടെ കാലയളവിനുശേഷം ഈ പ്ലാക് നീക്കം ചെയ്യുകയും രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. രോഗിയുടെ കാഴ്ച നിലനിർത്താൻ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത. എം.സി.സി.യിൽ ഈ ചികിത്സ യാഥാർത്ഥ്യമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ പോകാതെ കേരളത്തിൽ തന്നെ ഈ ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
എം.സി.സി. ഡയറക്ടർ ഡോ. ബി. സതീശന്റെ ഏകോപനത്തിൽ റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്മ, ഡോ. ഫൈറൂസ്, ഡോ. ഹൃദ്യ, ഡോ. ശിൽപ, ഡോ. സോണാലി, സ്റ്റാഫ് നഴ്സുമാരായ ജിഷ, മനീഷ്, ശ്രീജിൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചികിത്സയിൽ പങ്കാളികളായത്.
Latest Updates
Daily Newsletter
Get all the top stories from Blogs to keep track.
Post a comment