വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകി

വിരബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമായി പൂർത്തിയായി. ലക്ഷ്യമിട്ട 94% കുട്ടികൾക്കും വിര നശീകരണ ഗുളികയായ ആൽബൻഡസോൾ നൽകാൻ സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള 74,73,566 കുട്ടികൾക്ക് ഗുളിക നൽകാനാണ് ലക്ഷ്യമിട്ടത്. അതിൽ 94% കുട്ടികൾക്കും (70,28,435) ഗുളിക നൽകാൻ സാധിച്ചു. 99% കുട്ടികൾക്കും ഗുളിക നൽകിയ കോഴിക്കോട് ജില്ലയും 98% കുട്ടികൾക്കും ഗുളിക നൽകിയ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുമാണ് മുന്നിലുള്ളത്.

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിനും പതിനഞ്ചിനുമാണ് യജ്ഞം സംഘടിപ്പിച്ചത്. സ്‌കൂളുകളും അങ്കണവാടികളും വഴിയാണ് കുട്ടികൾക്ക് ഗുളിക നൽകിയത്.

വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകാം. ഈ യജ്ഞത്തിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിരബാധ തടയാൻ:


  • ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
  • പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • മാംസം നന്നായി പാചകം ചെയ്യണം.
  • നഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കണം.
  • വീടിന് പുറത്തുപോകുമ്പോൾ പാദരക്ഷകൾ ധരിക്കുക.
  • ഭക്ഷണം അടച്ച് സൂക്ഷിക്കുക.
  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.
  • തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക.
  • 6 മാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ഗുളിക കഴിക്കുക.

Post a comment

Your email address will not be published. Required fields are marked *