ബ്രെയിൻ അന്യൂറിസം ചികിത്സയിൽ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്
- byOnline Desk
- 30 August, 2024
250 രോഗികൾക്ക് അന്യൂറിസം കോയിലിംഗ് ചികിത്സ വിജയകരമായി നൽകി
തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കൽ കോളേജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിൻ ഹോൾ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കി. റേഡിയോളജി വിഭാഗത്തിന് കീഴിൽ ഇന്റർവെൻഷണൽ റേഡിയോളജി യൂണിറ്റിലാണ് നൂതന അന്യൂറിസം കോയിലിംഗ് ചികിത്സ ലഭ്യമാക്കിയത്. തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഒഴിവാക്കാൻ സാധിക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതിനാൽ തന്നെ മറ്റ് സങ്കീർണതകൾ ഒഴിവാക്കാനും വേഗത്തിൽ രോഗമുക്തി നേടാനും സാധിക്കുന്നു. നൂതനമായ ചികിത്സ പരമാവധി രോഗികൾക്ക് ലഭ്യമാക്കിയ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കാരണം കുമിളകൾ (അന്യൂറിസം) ഉണ്ടായാൽ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കുന്ന രോഗമാണ്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തു വരുന്നത്. എന്നാൽ ഇന്റർവെൻഷണൽ റേഡിയോളജി കോയിലിംഗ് ടെക്നിക്കിലൂടെ ശസ്ത്രക്രിയ ഇല്ലാതെ ഇത് പരിഹരിക്കാൻ സാധിക്കുന്നു. കയ്യിലേയോ കാലിലേയോ രക്തക്കുഴൽ വഴി തലച്ചോറിലെ രക്തക്കുഴലിലെത്തി, കോയിൽ, സ്റ്റെന്റ്, ബലൂൺ എന്നിവ ഉപയോഗിച്ച് കുമിള അടയ്ക്കുന്ന ചികിത്സാ രീതിയാണ് ഇത്.
സംസ്ഥാനത്ത് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് പുറമെ, ഇത്രയും രോഗികൾക്ക് ഈ ചികിത്സ നൽകിയ ഏക സ്ഥാപനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ഈ ചികിത്സയിലെ നൂതന സമ്പ്രദായമായ ഫ്ളോ ഡൈവെർട്ടർ ചികിത്സയും 60ലേറെ രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കി.
സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന ഈ ചികിത്സ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കൽ കോളേജിൽ ചെയ്ത് കൊടുക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടാത്ത രോഗികൾക്ക് പ്രൊസീജിയറിന് ആവശ്യമായ കോയിൽ, സ്റ്റെന്റ്, ബലൂൺ എന്നിവയുൾപ്പെടെയുള്ളവയുടെ കുറഞ്ഞ ചെലവ് മാത്രമേ ആകുന്നുള്ളൂ.
പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത് കുമാർ, സുപ്രണ്ട് ഡോ. ശ്രീജയൻ എംപി എന്നിവരുടെ ഏകോപനത്തിൽ റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജൻ, അനേസ്തീഷ്യ വിഭാഗം മേധാവി ഡോ. രാധ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ബീന വാസന്തി, മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ്, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് അസി പ്രൊഫ. ഡോ. രാഹുൽ കെ.ആർ., ഡോ. പ്രസാദ്, റേഡിയോഗ്രാഫർമാരായ ബെന്നി, രഞ്ജിത്ത്, പ്രദീപ്, അച്യുത്, നഴ്സുമാരായ റീന, ജിസ്നി, അപർണ, അനുഗ്രഹ് എന്നിവരാണ് ഈ ചികിത്സ നടത്തിയത്.
Latest Updates
Daily Newsletter
Get all the top stories from Blogs to keep track.
Post a comment